വെള്ളിത്തിരയിൽ മമ്മൂട്ടിക്ക് 50 വയസ് തികയുകയാണ്. 1971 ആഗസ്ത് 6ന് പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്. വെള്ളിത്തിരയില്‍ മമ്മൂട്ടി അര നൂറ്റാണ്ട് തികയ്ക്കുമ്പോള്‍ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകള്‍ കൊണ്ടുമൂടുകയാണ്.
സജിൻ എന്ന പേരിൽ നിന്നും മുഹമ്മദ്കുട്ടി മമ്മൂട്ടിയായി പരിണമിച്ചത് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന അസുലഭമുഹൂർത്തത്തിന് ആരംഭമാവുകയായിരുന്നു.അനുഭവങ്ങൾ പാളിച്ചകൾക്കു ശേഷം ഇറങ്ങിയ കാലചക്രത്തിലും വേഷമിട്ടുകഴിഞ്ഞാണ് നായക നടനിലേക്കുള്ള മമ്മൂട്ടിയുടെ കാൽവയ്പ്പ്.1979 ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ദേവലോകം’ മമ്മൂട്ടിയെ നായകനാക്കി. പക്ഷെ ഈ ചിത്രം ഒരിക്കലും പുറത്തെത്തിയില്ല. പിന്നീട് എം.ടി. തിരക്കഥയൊരുക്കിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയാണ് മമ്മൂട്ടിയെ പ്രധാനനടൻ എന്ന് രേഖപ്പെടുത്തി തുടങ്ങിയത്.
മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടിയിട്ടുണ്ട്. 1998 ൽ, ഇന്ത്യൻ സർക്കാർ ഇൻഡ്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2010 ൽ കോഴിക്കോട് സർവകലാശാലയും കേരള സർവകലാശാലയും അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി.