സർക്കാർ ഭൂമി കയ്യേറി സാക്ഷരത മിഷൻ സംസ്ഥാന ഓഫീസ് കെട്ടിടം നിർമിച്ചുവെന്ന നഗരസഭാ കണ്ടെത്തൽ വിവാദമായതിനു പിന്നാലെ കോടികളുടെ അഴിമതിയും പുറത്ത്. കെട്ടിട നിർമാണത്തിൽ സാക്ഷരത മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയത് 2.95 കോടിയുടെ അഴിമതി. സാക്ഷരത മിഷൻ കെട്ടിട നിർമാണം തുടങ്ങിയതിനു ശേഷം 2019 ൽ സത്യസായി ട്രെസ്റ്റുമായി 450 ചതുരശ്ര അടി വിസ്തീർണം വീതം ഉള്ള 450 residential യൂണിറ്റുകൾ നിർമിക്കാൻ ഹാബിറ്റാറ്റ് കരാർ ഒപ്പിട്ടിരുന്നു. 450 ചതുരശ്ര അടി കെട്ടിടം നിർമിക്കാൻ 6,30000 രൂപയാണ് ചെലവ്. അതായത് ചതുരശ്ര അടിക്കു നിരക്ക് 1400 രൂപ.
അതേസമയം ഹാബിറ്റാറ്റ് ഗ്രൂപ്പിനെ കൊണ്ട് സാക്ഷരത മിഷൻ സംസ്ഥാന ഓഫീസ് നിർമ്മിച്ചത് ചതുരശ്ര അടിക്കു 3567 നിരക്കിലും. ഈ നിരക്കിൽ മൊത്തം 13654 ചതുരശ്ര അടി വിസ്തീർണത്തി സാക്ഷരത മിഷൻ കെട്ടിട നിർമാണം പൂർത്തിയാക്കിയത് 4.87 കോടി രൂപ ചെലവഴിച്ചാണ്. ചതുരശ്ര അടിക്കു 1400 രൂപ നിരക്കിൽ കെട്ടിടം പൂർത്തിയാക്കിയിരുന്നുവെങ്കിൽ ഉണ്ടാകാവുന്ന നിർമാണ ചെലവ് ഒരു കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി അയ്യായിരത്തി അറുനൂറു രൂപയാണ്. ഇതിലൂടെ കെട്ടിട നിർമാണത്തിനായി സാക്ഷരത മിഷൻ അധികമായി ചെലവഴിച്ചത് 2 കോടി 95 ലക്ഷത്തി എൺപത്തി നാലായിരത്തി നാന്നൂറ് രൂപയെന്ന് വ്യക്തം.
സർക്കാരിന്റെ 43 സെന്റ് സ്ഥലം കയ്യേറിയെന്ന് നഗരസഭ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 43 സെൻറ് സ്ഥലം കയ്യേറിയാണ് സാക്ഷരത മിഷൻ പേട്ടയിൽ ആസ്ഥാന മന്ദിരം നിർമിച്ചതെന്ന് നഗരസഭ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേട്ടയിലെ മൊത്തം ഒരു ഏക്കർ 40 സെന്റ് സ്ഥലത്തിലെ (വഞ്ചിയൂർ വില്ലേജിൽ സർവേ നമ്പർ 178/ബി ) 16 സെന്റിൽ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള അനുമതിയാണ് സർക്കാർ സാക്ഷരത മിഷന് നൽകിയത്. എന്നാൽ 43 സെന്റ് കയ്യേറി കെട്ടിടം നിർമിച്ചുവെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. കെട്ടിട നിർമാണത്തിന്റെ കാര്യത്തിലും ഗുരുതര ക്രമക്കേടാണ് സാക്ഷരത മിഷൻ നടത്തിയത്. 16 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനാണ് സാക്ഷരത മിഷന് സർക്കാരിൽ നിന്നുള്ള അനുമതി. എന്നാൽ ഇത് ലംഘിച്ചു സാക്ഷരത മിഷൻ പണികഴിപ്പിച്ചത് 13654 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ആണ്.
നഗരസഭയുടെ അനുമതി വാങ്ങാതെയാണ് 2018 മെയ് മാസം കെട്ടിട നിർമാണം തുടങ്ങിയത്. ഇതിനായി 2018 ഫെബ്രുവരിയിൽ നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും കെട്ടിട നിർമാണ ചട്ടങ്ങൾക്ക് അനുസൃതം അല്ലാത്തതിനാൽ നിരസിച്ചു. മുഖ്യമന്ത്രിയായിരുന്നു അന്ന് തറക്കലിടൽ കർമ്മം നിർവഹിച്ചത്. കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായ ശേഷം 2019 മാർച്ച് 30 നാണ് വീണ്ടും നിർമാണ അനുമതിക്കായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചത്. സർക്കാരിന്റെ 43 സെന്റ് സ്ഥലം കയ്യേറ്റം നടത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിർമാണ അനുമതി നിഷേധിച്ചുള്ള വിവരം നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗം 2019 ജൂലൈ 26ന് സാക്ഷരത മിഷൻ ഡയറക്ടറെ അറിയിച്ചു. തുടർന്ന് ഇതേ ആവശ്യം അറിയിച്ചു സാക്ഷരത മിഷൻ കത്ത് നൽകിയെങ്കിലും 2020 ജൂൺ എട്ടിനും അനുമതി നിഷേധിച്ചു കൊണ്ടുള്ള മറുപടി യാണ് നഗരസഭ നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
2019 ഒക്ടോബറിൽ ആണ് കെട്ടിടം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ്പ് ആണ് നിർമാണം ഏറ്റെടുത്തു നടത്തിയത്. ആസ്ഥാന മന്ദിരം നിൽക്കുന്ന സ്ഥലത്ത് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുസ്തക ഡിപ്പോ ആയ്യിരുന്നു. ഈ കെട്ടിടം പൊളിക്കാൻ സാക്ഷരത മിഷന് സർക്കാർ അംഗീകാരം കിട്ടിയിരുന്നുവെന്ന കാര്യത്തിലും വ്യക്തത ഇല്ല. ഈ കെട്ടിടം പൊളിച്ചപ്പോൾ തേക്ക്, ഈട്ടി തടികളിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും മറ്റുമായി നിർമിച്ച കോടിക്കണക്കിനു രൂപ യുടെ സാമഗ്രികൾ ഡയറക്ടറുടെ പി എ കടത്തിയെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
കെട്ടിടം നിർമിക്കാനുള്ള സ്ഥലത്തിന്റെ കൈവശാവകാശം ഇനിയും സാക്ഷരത മിഷന് ലഭിച്ചിട്ടില്ല. ഇപ്പോഴും പൊതുവിദ്യാഭ്യാസ വകുപ്പിൽ തന്നെയാണ് ഉടമസ്ഥാവകാശം നിക്ഷിപ്തമായിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേവലം 30 ജീവനക്കാർ ഉള്ള സംസ്ഥാന ഓഫീസിനായി 4.87 കോടി രൂപ ചെലവഴിച്ചു ഡയറക്ടർ തന്നിഷ്ട പ്രകാരം നിർമിച്ചത് അഴിമതി ലക്ഷ്യം വച്ചായിരുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സാമ്പത്തിക പരാധീനതയുടെ പേര് പറഞ്ഞു കഴിഞ്ഞ ആറുമാസം ആയി പ്രേരക് മാരുടെ തുച്ഛമായ വേതനം പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് സാക്ഷരത മിഷന്റെ തനത് ഫണ്ട് ചെലവഴിച്ചുള്ള ധൂർത്തു നടക്കുന്നുള്ളതും ശ്രദ്ധേയം.