മുംബൈ: ഒളിമ്പ്യൻ എസ്.എസ്. നാരായണൻ എന്ന ബാബു നാരായണൻ (86) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ആശുപത്രിയില്‍ നിന്നും താനെയിലുള്ള വീട്ടിലേക്ക് എത്തിയ ഉടനെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു.
1956 ലെ മെൽബൺ, 1960 ലെ റോം ഒളിമ്പിക്സുകളിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഗോൾകീപ്പറായിരുന്നു. പീറ്റർ തങ്കരാജൻ, പി.കെ. ബാനർജി, ചുനി ഗോസ്വാമി തുടങ്ങിയവർക്കൊപ്പമായിരുന്നു എസ്.എസ്. നാരായണൻ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. 1954 ൽ മഹാരാഷ്ട്ര ബാസ്ക്കറ്റ് ബാൾ ടീം അംഗമായിരുന്ന നാരായണൻ പിന്നീട് ഫുട്ബാളിലേക്ക് മാറുകയായിരുന്നു. ടാറ്റാസ് ഫുട്ബാൾ ക്ലബ്, കാൾടെക്സ് ടീമുകളിൽ കളിച്ച ശേഷമാണ് ഇന്ത്യൻ ടീമിലെത്തുന്നത്.