കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല.ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടർ പി.എ അബ്ദുൾ ഷമീർ രാവിലെ പത്തരയോടെ കൊച്ചി ഓഫിസിൽ ഹാജരാകും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി തങ്ങൾ ഇ.ഡി യെ അറിയിച്ചിരുന്നു.ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാനായി കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ അടക്കമുളളവര്‍ ചന്ദ്രിക വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നായിരുന്നു വിമര്‍ശനം. ചന്ദ്രികയ്ക്കെന്ന പേരില്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങിയതില്‍ രണ്ടര ഏക്കര്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലാണെന്നും വിമര്‍ശനമുയര്‍ന്നു.