തിരുവനന്തപുരം: വൈദ്യുതി വിതരണ രംഗത്ത് വമ്പൻ പരിഷ്കാരങ്ങൾക്ക് കാരണമാകുന്ന കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്നും സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ കടന്നുവരാന്‍ ഭേദഗതി വഴിയൊരുക്കുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
വൈദ്യുതി രംഗത്ത് ഇത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കും. ജനങ്ങൾക്കും തിരിച്ചടിയാകും. പൊതുമേഖലയെ തകർച്ചയിലേക്ക് നയിക്കുന്നതാണ് ബില്ലെന്നും ഭേദഗതി നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.