ട്രെന്റ്ബ്രിഡ്ജ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 65.4 ഓവറില്‍ 183 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്. നാലു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലീഷ് നിരയുടെ നടുവൊടിച്ചത്.
മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തു. ശര്‍ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റില്ല.
108 പന്തില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ആതിഥേയരുടെ ടോപ്പ് സ്കോറര്‍.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ മടക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ബേണ്‍സിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ സാക് ക്രോളിയ്ക്കും പിടിച്ചു നില്ക്കാനായില്ല. സ്കോര്‍ 42-ല്‍ നില്‍ക്കേ 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ രണ്ട് വിക്കറ്റിന് 42 റണ്‍സ് എന്ന നിലയിലായി ആതിഥേയര്‍.
അടുത്തത് 18 റണ്‍സെടുത്ത ഡോം സിബ്ലെയുടെ ഊഴമായിരുന്നു. 70 പന്ത് നേരിട്ട താരത്തെ മുഹമ്മദ് ഷമി, കെ.എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. ജോണി ബെയര്‍സ്റ്റോവിനും അധികം പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം സെഷനിലെ അവസാന പന്തില്‍ 71 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ മുഹമമദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ റിവ്യു എടുക്കുകയായിരുന്നു. രണ്ടാമത്തെ തീരുമാനമാണ് റിവ്യൂവിലെ ഇന്ത്യക്ക് അനുകൂലമാകുന്നത്.
പിന്നീട് വന്ന ഡാന്‍ ലോറന്‍സും ഷമിയുടെ പന്തില്‍ പുറത്തായി. പിന്നീട് വന്ന ജോസ് ബട്ലറുടെ വിക്കറ്റ് ബുംറ എടുത്തു.
ജോ റൂട്ടിന്റെ ചെറുത്തുനില്‍പ്പ് ശര്‍ദുല്‍ താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആ ഓവറില്‍ ഒലി റോബിന്‍സണും മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനും ജെയിംസ് ആന്‍ഡേഴ്സണും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈ രണ്ടു വിക്കറ്റും ജസ്പ്രീത് ബുംറയ്ക്കാണ്.