ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ജഡ്ജി ഉത്തം ആനന്ദിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ എറ്റെടുത്തു. ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് ജൂലായ് 28-നാണ് വാഹനമിടിച്ച് മരിച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജൂലൈ 28ന് പതിവ് പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഓട്ടോ പിന്നില്‍ നിന്ന് വന്നിടിച്ചിടുകയായിരുന്നു. നഗരത്തിലെ രണ്‍ധീര്‍ വര്‍മ ചൗക്കിനു സമീപത്തുള്ള ന്യൂ ജഡ്ജ് കോളനിക്കടുത്തുള്ള വളവില്‍വച്ചാണ് അദ്ദേഹത്തെ വാഹനം ഇടിച്ചത്. തലക്ക് പരിക്കേറ്റ് റോഡരുകില്‍ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരിച്ചു.
മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
ഹൈക്കോടതിയും പിന്നാലെ സുപ്രീംകോടതിയും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുകയും ഓട്ടോ ഡ്രൈവറടക്കം പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.