തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന നിലപാടിലുറച്ച് പിഎസ്സി. ചട്ടങ്ങൾ അനുസരിച്ചേ പി.എസ്.സി.ക്ക് പ്രവർത്തിക്കാൻ സാധിക്കൂ. ആരുവിചാരിച്ചാലും അത് മാറ്റാൻ സാധിക്കില്ലെന്ന് പിഎസ്സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. പുതിയ റാങ്ക് പട്ടികയില്ലെന്ന് കരുതി പഴയത് നീട്ടാൻ സാധിക്കില്ല. ഇപ്പോള്‍ വരുന്ന വാർത്തകൾ പിഎസ്സിയെ ബാധിക്കില്ലെന്നും എം കെ സക്കീർ വ്യക്തമാക്കി.
“ഓരോ റാങ്ക് ലിസ്റ്റിനും അനുസൃതമായി ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റം വരുത്താനോ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനോ റാങ്ക് ലിസ്റ്റ് വലുതാക്കാനോ ചെറുതാക്കാനോ ഒന്നും കഴിയില്ല. ന്യൂസുകള്‍ ധാരാളം വരും. പക്ഷേ പിഎസ്സിയുടെ ഇന്നേവരെയുള്ള പ്രവര്‍ത്തനത്തിനോ പിഎസ്സി സംഭരിച്ച ഊര്‍ജത്തിനോ ഒരു കുറവും സംഭവിച്ചിട്ടില്ല”- എം കെ സക്കീര്‍ പറഞ്ഞു.
‘യൂണിഫോം, പോലീസ് റാങ്ക് ലിസ്റ്റുകൾ കാലാവധിയായ ഒരുവർഷം കഴിഞ്ഞാൽ മൂന്നുവർഷം വരെ പോകുന്ന റാങ്ക് ലിസ്റ്റുകൾ അല്ല. യൂണിഫോം പോസ്റ്റിലേക്ക് കൃത്യമായ വയസ്സും ശാരീരികക്ഷമതയും ഉൾപ്പടെയുളള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനകത്ത് ഉയർന്നനിലവാരം പുലർത്തുന്നവർ തിരഞ്ഞെടുക്കപ്പെടുന്നു അത് കഴിയുന്നു. ഈ നിയമാണ് പോലീസിൽ വന്നിരിക്കുന്നത്. അതോടെ പോലീസ് റാങ്ക് പട്ടിക കാലാവധി ഒരുവർഷമായി ചുരുങ്ങി. മറ്റൊരു റാങ്ക് പട്ടിക വന്നില്ലെങ്കിൽ ഇതിന്റെ കാലാവധി നീട്ടാൻ സാധിക്കില്ല.
മൂന്നാമത്തെ വിഭാഗമാണ് അധ്യാപകർ, എൽഡി ക്ലാർക്ക് തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്ന ജനറൽ വിഭാഗം. യൂണിഫോമില്ലാത്ത ജനറൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഒരു വർഷമാണ്. മറ്റൊരു റാങ്ക് പട്ടിക വന്നിട്ടില്ലെങ്കിൽ എന്ന് പരക്കെ കേൾക്കുന്ന ഈ റാങ്ക് പട്ടിക മൂന്നുവർഷത്തേക്കേ നീട്ടാനാകു. ഏറ്റവും കൂടുതലായി മൂന്നുവർഷത്തേക്ക് മാത്രമേ റാങ്ക് പട്ടിക നീട്ടാനാകൂ. 1+2 എന്നത് നിലനിൽക്കുമ്പോൾ ഒരു വർഷം കഴിഞ്ഞാൽ പിഎസ്സിക്ക് അടുത്ത ദിവസം മുതൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാം. എന്നാൽ കാലങ്ങളായി പിഎസ് സി ജനറൽ വിഭാഗത്തിന് മൂന്നുവർഷത്തിന്റെ അധിക ആനുകൂല്യം നൽകുന്നുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽ ഈ റാങ്ക് പട്ടികകളുടെ കാലാവധി നിയമപ്രകാരം അവസാനിച്ചു.’ ചെയർമാൻ വ്യക്തമാക്കി.
കോവിഡ് സാഹചര്യമായിരുന്നിട്ടുകൂടി 30000 അഡ്വൈസ് മെമ്മോ അയച്ച് നിയമനം നടത്തിയെന്നും പിഎസ്സി ചെയർമാൻ അവകാശപ്പെട്ടു. കെഎഎസ് നവംബര്‍ ഒന്നോടെ യാഥാര്‍ഥ്യമാകും. കൃത്യമായ ചട്ടം പാലിച്ച് പിഎസ്സി മുന്നോട്ടുപോകുമെന്നും എം കെ സക്കീര്‍ പറഞ്ഞു.