ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 42.58 ലക്ഷം പേര് മരിച്ചു. പതിനെട്ട് കോടി പേര് രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ ഇതുവരെ മൂന്ന് കോടി അറുപത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെമാത്രം 90,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 6.30 ലക്ഷം പേര് മരിച്ചു.
അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 562 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 4,25,757 ആയി ഉയന്നു. നിലവില്‍ 4,10,353 പേരാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,09,33,022 പേര് ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ് ഇപ്പോള്‍. ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ 2.36 ശതമാനമാണ്. ഇത് വരെ 48,52,86,570 ഡോസ് വാക്സീന് വിതരണം ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ ഒരു കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.58 ലക്ഷം പേര് മരിച്ചു.ഒരു കോടി എണ്‍പത്തിയേഴ് ലക്ഷം പേര് രോഗമുക്തി നേടി.