ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീതി കിട്ടുംവരെ കൂടെയുണ്ടാകുമെന്ന് അദ്ദേഹം കുട്ടിയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.ഞായറാഴ്ചയാണ് ഡല്‍ഹി നങ്കലില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചത്.
”ഞാൻ പെൺകുട്ടിയുടെ കുടുംബത്തോട് സംസാരിച്ചു. അവർക്ക് നീതി വേണം. തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും, സഹായിക്കണമെന്നും അവർ പറയുന്നു. ഞങ്ങൾ അത് ചെയ്യും. അവർക്ക് നീതി ലഭിക്കുന്നതുവരെ അവരോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ ഉറപ്പുനൽകി”-രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ജൂലൈ 1ന് വൈകിട്ട് 5.30ഓടെയാണ് സംഭവം നടന്നത്. നങ്കല്‍ റായ് പ്രദേശത്തെ ശ്മശാനത്തിന് സമീപമുള്ള വാടക വീട്ടിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. ശ്മാശനത്തിലെ കൂളറില്‍ നിന്നും വെള്ളം കുടിക്കാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു അവിടുത്തെ പുരോഹിതനും സംഘവും പറഞ്ഞത്,. പൊലീസിനെ വിവരമറിയിച്ചാൽ അവർ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്നും അവയവങ്ങൾ മോഷ്ടിക്കുമെന്നും പുരോഹിതൻ അമ്മയോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബലമായി ദഹിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഭര്‍ത്താവിനെ അറിയിക്കുകയും ഇരുനൂറോളം ഗ്രാമവാസികള്‍ ശ്മശാനത്തില്‍ തടിച്ചുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി കേസെടുക്കുകയും പുരോഹിതനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.