ടോക്യോ: ബോക്സിങ്ങില്‍ റിങ്ങില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്സര്‍ ലവ്ലിന ബോര്‍ഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു.
ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്മിന്റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു.ബുസേനസിനെ ഇടിച്ചിട്ടിരുന്നെങ്കില്‍ ഒളിമ്പിക്സ് ബോക്സിംഗ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകുമായിരുന്നു ലവ്ലിന ബോർഗോഹെയ്ന്. 2008ല്‍ വിജേന്ദർ സിംഗും 2012ല്‍ മേരി കോമും വെങ്കലം നേടിയതാണ് ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകള്‍.