തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ അഴിച്ചുപണിത് സർക്കാർ. ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണം ഒഴിവാക്കി. നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് പുതിയ മാർഗനിർദേശം പ്രഖ്യാപിച്ചത്.
ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകൾക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല.
അതേസമയം, ആൾക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീർണമുള്ള ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേർ മാത്രമേ പാടുള്ളൂ. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ കടകൾ തുറക്കാനാകും. കടകളിലെ ജോലിക്കാരും സാധനം വാങ്ങാൻ എത്തുന്നവരും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാകുന്നതാണ് അഭികാമ്യം. അല്ലെങ്കിൽ ഒരു തവണയെങ്കിലും കോവിഡ് വന്നു പൂർണമായി ഭേദമായവരാകണം.അറുപത് വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഉടനെ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.