ന്യൂഡൽഹി; ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ശ്മശാന പൂജാരിയടക്കം നാല് പേര് അറസ്റ്റില്‍.ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ഡൽഹിയിലെ പുരാനാ നങ്കൽ ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഡൽഹി കേന്റാൺമെന്റ് പ്രദേശത്തെ ശ്മശാനത്തോട് ചേർന്നുള്ള വാടകവീട്ടിലാണ് ദലിത് ജാതിക്കാരായ കുട്ടിയുടെ നിർധന കുടുംബം കഴിഞ്ഞിരുന്നത്. വെള്ളം കുടിക്കാൻ പോയ ആ മോൾ പിന്നീട് തിരിച്ചുവന്നില്ല. മകളെ കാണാതെ പരിഭ്രാന്തിയിലായ മാതാവ് പലയിടത്തും തിരക്കി. ഒടുവിൽ ശ്മശാനത്തിലെ പുരോഹിതന്റെ കൂട്ടാളികൾ തന്നെ ചലനമറ്റ മകളുടെ ശരീരം ആ അമ്മയ്ക്ക് കാണിച്ചുകൊടുത്തു. കൂളറിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടി ഷോക്കടിച്ച് മരിച്ചുവെന്ന പച്ചക്കള്ളമാണ് അവർ പറഞ്ഞത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്തുണ്ടായത്.കേസില്‍ തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിൽ പൊലീസ് പ്രതികൾക്കൊപ്പം നിന്നു. ദഹിപ്പിക്കവെ വെള്ളമൊഴിക്കാൻ ശ്രമിച്ച പ്രദേശവാസികളെ തടഞ്ഞു. മണിക്കൂറുകളോളം പൊലീസ് തങ്ങളെ സ്റ്റേഷനിൽ ബന്ദിയാക്കിവെച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പൊലീസിന് മുന്നിലിട്ട് പിതാവിനെ പ്രതികളുടെ ആളുകൾ മർദിച്ചെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹാഥ്റസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നങ്കലില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞ കൊലയാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.