പാലക്കാട്;കടയ്ക്കു മുന്നിൽ അഞ്ചു പേർ കൂടി നിന്നതിനു കടയുടമയിൽ നിന്നു പൊലീസ് 2,000 രൂപ പിഴ ഈടാക്കി. തച്ചനാട്ടുകര ചാമപ്പറമ്പിൽ ചെറുകിട പലചരക്കുകട നടത്തുന്ന മാങ്കടക്കുഴിയൻ അബ്ബാസിനാണു നാട്ടുകൽ പൊലീസ് പിഴയിട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടു പട്രോളിങ്ങിന്റെ ഭാഗമായി എത്തിയ പൊലീസ് കടയ്ക്കു സമീപം 5 പേർ നിന്നതിനാണു കേസെടുത്തതെന്നും തനിക്ക് ഇതു താങ്ങാനാവുന്നതല്ലെന്നും അബ്ബാസ് പറഞ്ഞു. കടയ്ക്കു മുന്നിൽ കയർ കെട്ടി വേർതിരിച്ചു പ്രവേശനം തടഞ്ഞിട്ടുണ്ടെന്നും അതിനു പുറത്താണ് ആളുകൾ നിന്നതെന്നും കടയുടമ പറയുന്നു.
അതേസമയം കോവിഡ് നിയന്ത്രണത്തിൽ ഡി കാറ്റഗറിയിലായ തച്ചനാട്ടുകര പഞ്ചായത്തിലെ കടയ്ക്കു മുന്നിൽ അകലം പാലിക്കാതെ ഒത്തുകൂടിയതിനാണു പിഴ ഈടാക്കിയതെന്നും സ്ഥാപനങ്ങൾക്കു മുന്നിലെ ആൾക്കൂട്ടത്തിന്റെ ഉത്തരവാദിത്തം ഉടമയ്ക്കാണെന്നും പൊലീസ് അറിയിച്ചു.