തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മാസ്ക്കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന് മുഹമ്മദിന്റെ മരുന്നിനുള്ള നികുതി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. നികുതിയിനത്തില്‍ ആറുകോടിയോളം രൂപയാണ് മരുന്നിന് ആവുക. മരുന്നിനുള്ള ജി.എസ്.ടിയും ഇറക്കുമതി തീരുവയും ഒഴിവാക്കിയതായി കേന്ദ്ര ധനകാര്യമന്ത്രി അറിയിച്ചു. മുഹമ്മദിന്റെ പിതാവ് റഫീഖ് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
കുട്ടിയുടെ രക്ഷിതാക്കളോട് അവരുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ, രോഗ വിവരങ്ങള്‍, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം പരിശോധിച്ച ശേഷമാണ് മന്ത്രാലയം ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ചത്.
എസ്.എം.എ ചികിത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് സോള്‍ജെന്‍സ്മ എന്ന യു.എസ് നിര്‍മിത മരുന്നാണ്. ഇതിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 18 കോടി രൂപയാണ് വില. ഇതില്‍ നിന്ന് നികുതി ഒഴിവാക്കുന്നതോടെ വലിയ തുകയുടെ ഇളവ് ലഭിക്കും. മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ മുഹമ്മദിന്റെ ചികിത്സ ഉടന്‍ ആരംഭിക്കാനാവും.
മുഹമ്മദിന്റെ ചികിത്സക്കായി 50 കോടിയോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. മുഹമ്മദിന്റെ സഹോദരിയുടെ അഭ്യര്‍ത്ഥനയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തത്.