ന്യൂ ഡല്‍ഹി: ഡല്‍ഹി നംഗലില്‍ ഒമ്പതുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ ദഹിപ്പിച്ചതായി പരാതി. ഗ്രാമത്തിനത്തുള്ള ശ്മശാനത്തിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ശ്മശാനത്തിലെ പൂജാരി അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 55 വയസുള്ള പൂജാരി രാധ ശ്യാം, തൊഴിലാളികളായ സലീം, ലക്ഷ്മി നാരായണന്, കുല്‍ദീപ് എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടി ശ്മശാനത്തിലെ കൂളറില്‍ നിന്ന് തണുത്തെ വെള്ളം എടുക്കുന്നതിന് വേണ്ടി പോയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്തിയില്ല. പിന്നീട് ആറ് മണിയോടെ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാമും സംഘവും പെണ്‍കുട്ടിയുടെ ഷോക്കേറ്റ് മരിച്ചെന്ന് അമ്മയെ ഫോണ്‍ വിളിച്ച് അറിയിച്ചു. തണുത്ത വെള്ളം എടുക്കുന്നതിനിടെ കൂളറില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു പൂജാരിയുടെ വാദം. എന്നാല്‍ കുട്ടിയുടെ കൈത്തണ്ടയിലും മറ്റുമായി പാടുകളും മുറിവുകളുമുണ്ടായിരുന്നു. കുട്ടിയുടെ മരണം പൊലീസില്‍ അറിയിക്കേണ്ടെന്നും അറിഞ്ഞാല്‍ അവര്‍ കേസെടുക്കുമെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ശ്മശാനത്തില്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയാണ്. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന വിവരം പുറം ലോകമറിയുന്നത്.