കാസര്‍കോട്: കാസര്‍കോട് ബദിയടുക്കയില്‍ എക്സൈസ് കസ്റ്റഡിലെടുത്ത റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരനാണ് മരിച്ചത്. 40 വയസായിരുന്നു.
ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു കരുണാകരന്. കസ്റ്റഡിയിലിരിക്കെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പേശികള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും ക്ഷതം ഏറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കരുണാകരന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കും.
അതേസമയം, ജയിലില്‍ വച്ച് അപസ്മാരം ആയതിനാലാണ് ആശുപത്രിയിലാക്കിയത്. മദ്യം ലഭിക്കാതെ വന്നപ്പോള്‍ പ്രതി വിഭ്രാന്തി കാട്ടിയതായും ജയിലധികൃതര്‍ പറഞ്ഞു. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കര്‍ണാടകയില്‍ നിന്ന് മദ്യം കടത്തിയ കേസിലാണ് കരുണാകരനെ അറസ്റ്റ് ചെയ്തത്.