ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് ഭീതിയിൽ . 2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാ ജനകമായ അളവിൽ രോഗം വ്യാപിക്കുന്നത്.ഇതേ തുടർന്ന് നഗരവാസികളായ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാൻ വുഹാനിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. ചൈനയിൽ കുറഞ്ഞത് 200 പേർക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകൾ.
ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ നാൻജിങ്, ഷങ്ജിയാജി എന്നീ പ്രദേശങ്ങൾ അടുത്തിടെ സന്ദർശിച്ച 15 ലക്ഷം പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. ചൈനയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹൈനാൻ ദ്വീപിലും നിങ്സിയ, ഷാഡോങ് പ്രവിശ്യകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ പ്രവിശ്യകളിൽ ഒരു കോടി പരിശോധനകൾ നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് ഭരണകൂടം.