തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജുകളുടെയും പ്രധാന ആശുപത്രികളുടേയും മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ദ്വിതീയ തലത്തിലെ ഐ.സി.യു.കള്‍ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കാനും ഓക്സിജന്‍ കിടക്കകളും ഐ.സി.യു.വും വെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി രണ്ടാം നിര ആശുപത്രികളിലുള്ള ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഈ ഐസിയുകളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഐസിയു രോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിലൂടെ മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും രണ്ടാം നിര ആശുപത്രികളില്‍ തന്നെ മികച്ച തീവ്ര പരിചരണം ഉറപ്പാക്കാനും സാധിക്കുന്നതാണ്.
മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി സംസ്ഥാനം മോചനം നേടിയിട്ടില്ല. കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. എല്ലാവരിലും വാക്സിന് എത്തുന്നതുവരെ മാസ്കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണെന്നും വാക്സിന് എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പള്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍., ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.