ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർതാരം സിമോൺ ബൈൽസ് തിരിച്ചുവരുന്നു. ചൊവ്വാഴ്ച നടക്കുന്ന ബീം ഫൈനലിൽ ബൈൽസിന്റെ പേരും ഉൾപ്പെടുത്തി.
ബൈൽസിന്റെ തിരിച്ചുവരവ് അമേരിക്കൻ ടീമും സ്ഥിരീകരിച്ചിട്ടുണ്ട്. ‘നാളെ നടക്കുന്ന ബാലന്‍സ് ബീം ഫൈനലില്‍ രണ്ട് യു.എസ്.എ താരങ്ങള്‍ മത്സരിക്കും. സുനി ലീയും സിമോണ്‍ ബൈല്‍സും. ഞങ്ങള്‍ ആവേശത്തിലാണ്.’ യു.എസ്.എ ജിംനാസ്റ്റിക്സ് ടീം ട്വീറ്റ് ചെയ്തു.
നേരത്തേ, മാനസിക സമ്മർദത്തെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങളിൽ നിന്ന് പിന്മാറുന്നതായാണ് ബൈൽസ് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ആ ഇനത്തില്‍ അമേരിക്കയെ പിന്തളളി റഷ്യന്‍ വനിതകള്‍ സ്വര്‍ണം നേടി.
പിന്നാലെ ഓള് എറൗണ്ട്, ഫ്ളോര്‍ എക്സര്‍സൈസ്, വാള്‍ട്ട്, അണ്‍ഇവന്‍ ബാര്‍സ് ഫൈനലുകളില്‍ നിന്ന് താരം പിന്മാറി. ഓള് എറൗണ്ടില്‍ യു.എസ്.എ ടീമിലെ സഹതാരം സുനി ലീ സ്വര്‍ണം നേടുകയും ചെയ്തു.
2016ലെ റിയോ ഒളിംപിക്സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോണ്‍ ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു.