തൃശൂര്‍: കരുവന്നൂര്‍ വായ്പാ തട്ടിപ്പിനെതിരെ ഒറ്റയാള്‍ സമരം നടത്തിയ അംഗത്തെ പുറത്താക്കി സിപിഎം. മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് പുറത്താക്കിയത്. സിപിഎം പൊറത്തിശ്ശേരി സൗത്ത് എല്‍ സിയുടേതാണ് നടപടി.
അതേസമയം, വായ്പ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ നിരവധി പേര്‍ക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ നല്‍കിയിരിക്കുന്നത് 24 പേര്‍ക്കാണ്. ഇതില്‍ 10 വായ്പകള്‍ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ്. കൂടാതെ 11 പേര്‍ക്കാണ് 50 ലക്ഷത്തിന് മുകളില്‍ വായ്പ നല്‍കിയത്. 50 ലക്ഷത്തിന് മുകളില്‍ വായ്പ നല്‍കാനാകില്ലെന്ന നിയമവും പ്രതികള്‍ ലംഘിച്ചു. അതിനിടെ, മൂന്ന് കോടി രൂപ പ്രതികള്‍ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ് വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.