ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതിയായ റോബിന് വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. വിവാഹം കഴിക്കാൻ ജാമ്യം എന്ന ആവശ്യവുമായാണ് പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരി ഹര്‍ജി സമര്‍പ്പിച്ചത്.
കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന് വടക്കുംചേരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിവാഹം കഴിക്കണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നാല്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരിന്‍ പി റാവല്‍ വാദിച്ചു.
കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിവികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്.