ടോക്യോ: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ 3-1ന് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശം. ദില്‍പ്രീത് സിങ്ങും ഗുര്‍ജന്ത് സിങ്ങും ഹര്‍ദിക് സിങ്ങുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്..
41 വർഷത്തിനു ശേഷമാണ് ഇന്ത്യ ഒഒളിമ്പിക്സ് ഹോക്കി സെമിയിലെത്തുന്നത്. 1980 മോസ്കോ ഒളിംപിക്സിലാണ് അവസാനമായി സെമി കളിച്ചത്. അന്ന് ഇന്ത്യ സ്വർണം നേടിയിരുന്നു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്.ശ്രീജേഷും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡെടുത്തു. ദില്‍പ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. 16-ാം മിനിറ്റില്‍ ഗുജ്റന്ത് സിങ്ങിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 45-ാം മിനിറ്റില്‍ ഇയാന്‍ സാമുവല്‍ വാര്‍ഡിലൂടെ ബ്രിട്ടന് ഒരു ഗോള്‍ തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്ങിലൂടെ ഇന്ത്യ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഗോള്‍പോസ്റ്റിന് കീഴില്‍ മലയാളി താരം പിആര്‍ ശ്രീജേഷിന്റെ പ്രകടനവും നിര്‍ണായകമായി.
2018 ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്പിക്സില്‍ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഇന്ന് ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം വരെ എത്തിനില്‍ക്കുന്നതാണ് ഇന്ത്യയുടെ മികവ്.
ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ കനത്ത പരാജയം സംഭവിച്ചതൊഴികെ ഭേദപ്പെട്ട പ്രകടനത്തിലൂടെയാണ് ടീം സെമി യോഗ്യത നേടിയത്. മൂന്ന് മത്സരങ്ങളും ജയിച്ച് പൂള് എ യില്‍ രണ്ടാംസ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന വരെ ഇന്ത്യന്‍ കുതിപ്പില്‍ തകര്‍ന്നു. അഞ്ചില്‍ നാല് കളിയും ജയിച്ചാണ് ഇന്ത്യന്‍ സംഘം മുന്നേറിയത്.