തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തണമെന്ന വിവാദ നിര്‍ദ്ദേശത്തില്‍ വിശദീകരണവുമായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കടകളില്‍ ഉദ്ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്നും പ്രമുഖരെ പങ്കെടുപ്പിക്കുന്നത് സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര് അനില്‍ നിര്‍വ്വഹിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും നാളെ രാവിലെ എട്ടരക്ക് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തണം. ഇന്ന് തന്നെ വിതരണത്തിന്റെ പോസ്റ്റര്‍ പതിക്കണം. എംപി, എംഎല്‍എ അല്ലെങ്കില്‍ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖര്‍ ആരെയെങ്കിലും ഉദ്ഘാടകനാക്കണം. പോസ്റ്റര്‍ ഒട്ടിച്ചതിന് മുന്നില്‍ കിറ്റ് നല്കുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിലിടണം. കൂടാതെ തെരഞ്ഞെടുത്ത ഫോട്ടോക്ക് പാരിതോഷികവും ലഭിക്കും.
എന്നാല്‍ നിര്‍ദ്ദേശം നടപ്പാക്കില്ലെന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികളും, ഓള് കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.