ന്യൂഡൽഹി: രാജ്യത്ത് ഒരു മാസത്തിനിടെ 2.27 ലക്ഷം ഗർഭിണികൾ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ ഗർഭിണികൾ വാക്സിൻ സ്വീകരിച്ചത്.തമിഴ്നാട്ടിൽ 78,838 പേർ വാക്സിൻ സ്വീകരിച്ചു. ആന്ധ്രപ്രദേശിൽ 34,228 പേരും ഒഡീഷയിൽ 29,821 പേരും വാക്സിൻ സ്വീകരിച്ചു. കേരളത്തിൽ 18,423 ഗർഭിണികളാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ രണ്ടിനാണ് ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് കേന്ദ്രം അംഗീകാരം നൽകിയത്. ഗർഭത്തിന്റെ ഏത് ഘട്ടത്തിലും വാക്സിൻ സ്വീകരിക്കാമെന്നും വിദഗ്ധർ അറിയിച്ചിരുന്നു. ഗർഭാവസ്ഥയിൽ കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. കോവിഡിന്റെ ആഘാതം കുറക്കാൻ വാക്സിന് സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.