ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കാമെന്ന മോഹം പൊലിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധു ഞായറാഴ്ച വെങ്കല മെഡല്‍ പോരാട്ടത്തിനിറങ്ങുന്നു.മത്സരം വൈകിട്ട് അഞ്ചിന് ആരംഭിക്കും. തുടര്‍ച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടത്തിന് അരികെയാണ് സിന്ധു. റിയോയില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ഗുസ്തി താരം സുശീല്‍ കുമാര്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയിട്ടുള്ളൂ.
ഇന്നലെ സെമിയില്‍ സിന്ധുവിനെ ചൈനീസ് തായ്പേയിയുടെ തായ് സു-യിംഗ് തോല്‍പ്പിച്ചിരുന്നു. സ്കോര്‍ 21-18, 21-12. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ 5-2ന് ലീഡ് നേടാന്‍ സിന്ധുവിനായിരുന്നു. എന്നാല്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയ തായ് 11-11ന് ഒപ്പമെത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്കോര്‍ 16-16ലെത്തിക്കാനും പിന്നീട് 18-18 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടര്‍ന്നുള്ള മൂന്ന് പോയിന്റുകള്‍ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായ് സ്വന്തമാക്കി.