പത്തനംതിട്ട: കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാടുകളുടെ നിരക്ക് കൂട്ടാൻ നീക്കം. നിരക്ക് വർധന ശുപാർശ ഉടൻ ഹൈക്കോടതിക്ക് സമർപ്പിക്കും. നിയന്ത്രണങ്ങളിൽ ക്ഷേത്രങ്ങൾ അടച്ചിട്ടതും ഭക്തർക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതുമാണ് ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.
നിരക്ക് വർധനയെ പറ്റി പഠിക്കാൻ ദേവസ്വം കമ്മീഷണർ അധ്യക്ഷനായ കമ്മീഷനെയും നിയോഗിച്ചു. കമ്മീഷൻ ശുപാർശകൾ പ്രകാരമാണ് നിരക്ക് വർധന നീക്കം. ക്ഷേത്രങ്ങളിലെ അർച്ചന മുതൽ ശബരിമലയിലെ പ്രധാന വഴിപാടുകളായ അപ്പത്തിന്റെയും അരവണയുടേയും നിരക്ക് ഉയർത്തും. അരവണ വില എൺപത് രൂപയിൽ നിന്ന് നൂറായും അപ്പം വില മുപ്പത്തിയഞ്ചിൽ നിന്ന് അമ്പതായും വർധിപ്പിക്കാനാണ് തീരുമാനം. ഹൈക്കോടതിയിൽ നിന്ന് അംഗീകാരം കിട്ടുന്ന മുറയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.