തൃശ്ശൂര്‍: പാലക്കാട് – തൃശ്ശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കം ഉദ്ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില് ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ ഉച്ചയോടെ അനുമതി നല്‍കിയിരുന്നു.
ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാതയുടെ തൃശ്ശൂര്‍-പാലക്കാട് ഹൈവേയിലെ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ പരിഹാരമാകും. കൊച്ചി കോയമ്പത്തൂര്‍ ദേശീയപാതയിലെ യാത്ര സമയം കുറയും എന്നതാണ് തുരങ്കം തുറക്കുന്നതിലെ പ്രധാന സവിശേഷത.
സംസ്ഥാനത്തെ ആദ്യ തുരങ്കപാതാണ് കുതിരാനിലേത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഗതാഗതം ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം നല്കിയ നിര്‍ദേശം.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് സ്ഥലം എം.എല്‍.എ കൂടിയായ റവന്യു മന്ത്രി കെ. രാജന് പ്രത്യേക താല്പര്യമെടുത്ത് നിര്‍മാണം വേഗത്തിലാക്കിയത്. രാത്രിയും പകലും പ്രവൃത്തി നടത്തിയാണ് ആഗസ്റ്റിന് മുമ്ബ് തുരങ്ക നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കുതിരാന്‍ തുരങ്കം ആഗസ്റ്റോടെ തുറക്കുമെന്ന് നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. നിര്‍മാണം കഴിഞ്ഞതായി കരാര്‍ കമ്ബനിയും വ്യക്തമാക്കിയിരുന്നു. തുരങ്കം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് റീജനല്‍ ഓഫിസിന് കൈമാറി. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു. അടുത്ത ആഴ്ച അനുമതി കിട്ടും എന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്ന് അനുമതി ലഭിക്കുകയായിരുന്നു.