ടോക്യോ: ഒളിംപിക്സിലെ മലയാളി പ്രതീക്ഷക്കും നിരാശ നൽകി മലയാളി താരം എം ശ്രീശങ്കർ ഫൈനൽ യോഗ്യത നേടാതെ പുറത്തായി. പുരുഷ ലോങ് ജംപിൽ മത്സരിക്കാനിറങ്ങിയ ശ്രീശങ്കറിന് മികച്ച മത്സരം പുറത്തെടുക്കാനും സാധിച്ചില്ല. ബാഡ്മിന്റണിൽ പിവി സിന്ധു സെമിയിലും ബോക്സിങിൽ പൂജ റാണി ക്വാർട്ടറിലും തോൽവി വഴങ്ങിയതിന് പിന്നാലെ ശ്രീശങ്കർ കൂടി പുറത്തായതോടെ ഇന്ത്യൻ ക്യാമ്പിൽ നിരാശ തുടരുകയാണ്.
ആദ്യ ശ്രമത്തിൽ 7.69 മീറ്റർ എത്തിയ ശ്രീശങ്കർ, രണ്ടാം ശ്രമത്തിൽ 7.51 മീറ്ററാണ് പിന്നിട്ടത്. ഫൈനലിലേക്ക് യോഗ്യത നേടാൻ 8.15 മീറ്റർ ദൂരം നേടേണ്ടിയിരുന്നു. എന്നാൽ മൂന്നാം ശ്രമത്തിൽ 7.43 മീറ്റർ ദൂരമാണ് മലയാളി താരം പിന്നിട്ടത്.
മൂന്ന് ശ്രമങ്ങളും അവസാനിച്ചപ്പോൾ ശ്രീശങ്കറിന്റെ മികച്ച പ്രകടനം ആദ്യ ചാട്ടമായ 7.69 മീറ്റർ. തന്റെ ഏറ്റവും മികച്ച പ്രകടനമായ 8.26 മീറ്ററിന്റെ അടുത്തെത്താൻ പോലും മലയാളി താരത്തിന് കഴിഞ്ഞില്ല. 15 പേർ മത്സരിച്ച യോഗ്യതാ റൗണ്ട് ബിയിൽ ശ്രീശങ്കർ 13ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.