കണ്ണൂര്‍: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകുന്നു. സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. രാത്രി കണ്ണൂർ എത്തുന്ന മൃതദേഹം കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.
രഖിലിന്റെ മൃതദേഹം രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്കാരം രാവിലെ പിണറായിയിലെ ശമ്ശനാത്തില്‍ നടക്കും.
അതേസമയം, മാനസയുടെ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്.
മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര. കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്.