ടോക്യോ: ഇന്ത്യയുടെ ഒരു മെഡൽ പ്രതീക്ഷക്ക് കൂടി മങ്ങലേൽപ്പിച്ച് പി വി സിന്ധു സെമിയിൽ വീണു. റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധു മറ്റൊരു ഫൈനലിലേക്ക് എത്താതെ സെമിയില്‍ തോല്‍വി വഴങ്ങി. ചൈനീസ് തായ്പേയ് താരം തായ് സു യിങിനോടാണ് സിന്ധു തോല്‍വി വഴങ്ങിയത്.
ലോക ഒന്നാം നമ്പര്‍ താരമായ തായ് രണ്ട് ഗെയിം മാത്രം നീണ്ട പോരാട്ടത്തില്‍ സിന്ധുവിനെ അനായാസം വീഴ്ത്തി. സ്കോര്‍: 18- 21, 12-21. ആദ്യ ഗെയിമില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ സിന്ധുവിന് സാധിച്ചെങ്കിലും ഗെയിമിന്റെ അവസാന ഘട്ടത്തില്‍ തായ് ശക്തമായി തിരിച്ചെത്തി ഗെയിം 18-21 ന് സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ സിന്ധു ഒരു ഘട്ടത്തിലും ചൈനീസ് തായ്പേയ് താരത്തിന് വെല്ലുവിളി ഉയര്‍ത്തിയില്ല.
സെമിയിൽ വീണെങ്കിലും മെഡൽ സാധ്യത അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള പോരാട്ടം ബാക്കിയുണ്ട്. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം.