തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ മത്സ്യവില്പനകാരിയുടെ മീനുകള്‍ അഴുക്ക് ചാലിൽ തള്ളി പോലീസ് ക്രൂരത. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയാണ് കേരള പോലീസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്.
ഇതിന്റെ വീഡിയോ അഡ്വക്കെറ്റ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. വഴിവക്കിൽ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന മേരിയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലിൽ വലിച്ചെറിയുകയായിരുന്നു.
തിരക്കുകളില്ലാതെ മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ ആറോളം പേരുടെ വിശപ്പടക്കാന്‍ വേണ്ടി മത്സ്യകച്ചവടം നടത്തുന്നയാളാണ് മേരി.
മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസിലെന്നു അഡ്വക്കെറ്റ് ഹരീഷ് വാസുദേവന്‍ ചോദിച്ചു. ഈ സ്ത്രീയുടെ വിശദാംശങ്ങൾ അറിയാവുന്നവർ തരിക, ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കിൽ താന്‍ ഇനിയീ തൊഴിലിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആയിരം കോടിയുടെ സർക്കാർ PR പരസ്യങ്ങളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്. മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസിൽ? മൃഗങ്ങൾ??
ഈ സ്ത്രീയുടെ വിശദാംശങ്ങൾ അറിയാവുന്നവർ തരിക, ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കിൽ ഞാനൊന്നും ഇനിയീ തൊഴിലിൽ തുടരുന്നതിൽ അർത്ഥമില്ല.