പല അന്താരാഷ്ട്രസമ്മേളനങ്ങളെയും കോവിഡ്മഹാമാരി ഓൺലൈനിൽ നടത്താൻ നിർബന്ധിക്കുന്നഘട്ടത്തിൽ, അതിസമ്പന്നരായ ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 സമ്മേളനം ജൂൺ 11മുതൽ 13വരെ ബ്രിട്ടൻറെ തെക്കുപടിഞ്ഞാറൻ കൗണ്ടിയായ കോൺവാളിൽ നടന്നു. അംഗരാജ്യങ്ങളായ അമേരിക്ക, കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയുടെ ഭരണാധികാരികൾ ത്രിദിന ഉന്നതതലസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുകയുണ്ടായി. അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ജോ ബൈഡന്റെ ആദ്യവിദേശസന്ദർശനംകൂടിയാണിത്. ഈ സമ്മേളനത്തിന് അമേരിക്കനൽകുന്ന പ്രാധാന്യത്തിന്റെകൂടി തെളിവാണത്. 2020ൽ അമേരിക്കയിലെ കാംപ്ഡേവിഡിൽ നടക്കേണ്ട ജി-7ൻറെ നാൽപ്പത്താറാം ഉന്നതതലസമ്മേളനം കോവിഡ് മഹാമാരിയും, ട്രംപിന്റെ തെരഞ്ഞെടുപ്പുതോൽവിയുംമൂലം മുടങ്ങിയിരുന്നു.
പിൽക്കാലത്ത് അമേരിക്കൻ വിദേശകാര്യസെക്രട്ടറിയായ ജോർജ് ഷുൾട്ട്സ്, 1973ൽ ട്രഷറിസെക്രട്ടറിയയായിരുന്നപ്പോൾ, നാല് രാഷ്ട്രങ്ങൾചേർന്ന് ആരംഭിച്ച സാമ്പത്തികകൂട്ടായ്മയാണ്, 1975ൽ ജി-6ഉം, 1976ൽ കാനഡകൂടി അംഗമായപ്പോൾ ജി-7 എന്നും അറിയപ്പെടാൻതുടങ്ങിയത്. 1973 ഒക്ടോബറിൽ അറബ് രാഷ്ട്രങ്ങളും ഇസ്രയേലും തമ്മിൽനടന്ന യോം കിപ്പുർ യുദ്ധത്തിൽ, ഇസ്രയേലിനെ സഹായിച്ച അമേരിക്ക, ബ്രിട്ടൻ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കെതിരെ എണ്ണകയറ്റുമതിരാജ്യങ്ങളുടെ സംഘടനയായ ‘ഒപെക്’ ഏർപ്പെടുത്തിയ ഉപരോധവും, ആ നാളുകളിൽ പാശ്ചാത്യരാഷ്ട്രങ്ങളിലെ സമ്പദ്വ്യവസ്ഥനേരിട്ട പ്രതിസന്ധികളെയും മറികടക്കാലായിരുന്നു ജി-7 രൂപീകരണത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം, 1998ൽ റഷ്യയെക്കൂടി ഉൾപ്പെടുത്തി ഈ കൂട്ടായ്മ ജി-8 ആയിമാറി. എന്നാൽ, 2014ൽ ആഭ്യന്തരസംഘർഷങ്ങളെത്തുടർന്ന് ഉകൈയിനിന്റെ ഭാഗമായിരുന്ന ക്രൈമിയ റഷ്യയോടുചേർന്നതോടെ, ജി-8ൽനിന്നും റഷ്യയെ പുറത്താക്കി, സംഘടന വീണ്ടും ജി-7ആയി. 1981മുതൽ യൂറോപ്യൻയൂണിയനും ജി-7ൽ പ്രാതിനിധ്യമുണ്ട്. മുതലാളിത്തരാജ്യങ്ങളുടെ സംഘടനയായതിനാൽ ആരംഭകാലം മുതൽതന്നെ കമ്മ്യൂണിസ്റ്റുവിരുദ്ധത അതിന്റെ കാര്യപരിപാടിയിൽ എപ്പോഴുമുണ്ടായിരുന്നുവെന്ന് അമേരിക്കൻ പഠനഗവേഷണകേന്ദ്രമായ സെന്റർ ഫോർ ഫോറിൻ റിലേഷൻസ് 2021ജൂണിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നു.
2008ലെ ആഗോളസാമ്പത്തികപ്രതിസന്ധിയോടുകൂടി ജി-7ൻറെ പഴയ പ്രതാപംനഷ്ടപ്പെട്ടു. അതിനാലാണ്, ഉയർന്നുവരുന്ന സാമ്പത്തികശക്തികളായ ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ മുതലായ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ജി-20 ഉന്നതലസമ്മേളനങ്ങൾക്ക് തുടക്കമായത്. ജി-7, പോയകാലത്തിന്റെ അവശേഷിപ്പുമാത്രമാണെന്നും, ചൈന, ഇന്ത്യ, ദക്ഷിണകൊറിയ, ബ്രസീൽ മുതലായ രാജ്യങ്ങൾകൂടി ആഗോളസമ്പദ്വ്യവസ്ഥയുടെ ഭാഗമാകേണ്ടകാലം അതിക്രമിച്ചുവെന്നും ഗോൾഡ്മാൻ സാക്സ് മുൻചെയർമാനും ഇപ്പോൾ ഛദ്ദാംഹൗസ് ചെയർമാനുമായ ജിം ഒനീൽ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ, ചൈനകൂടി അംഗമായിരുന്നതിനാൽ ജി-20നെ അവഗണിച്ചുകൊണ്ട്, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, റഷ്യ എന്നിവയെ ഉൾപ്പെടുത്തി ജി-7നെ ജി-11 ആക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുകയുണ്ടായി. പ്രസിഡന്റ്തെരഞ്ഞെടുപ്പിൽ തോറ്റതോടെ ആ ശ്രമം അവസാനിച്ചു.
ജപ്പാൻ ഒഴികെ, ജി-7ലെ ആറുരാജ്യങ്ങളും യൂറോപ്യൻയുണിയനിലെയും, ഐ.എം.എഫിലെയും ലോകബാങ്കിലെയും ഐക്യരാഷ്ട്രസംഘടനയിലെയും, വേൾഡ് ട്രേഡ് ഓർഗനൈസേഷനിലെയും നേതൃതലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രങ്ങൾകൂടിയാണ്.
യൂറോപ്യൻയൂണിയനും ഐക്യരാഷ്ട്രസഭയുമൊഴിച്ചാൽ മേൽസൂചിപ്പിച്ച സംഘടനകളിലെല്ലാം ജപ്പാനും പ്രമുഖസ്ഥാനമുണ്ട്. ഒറ്റവാചകത്തിൽപ്പറഞ്ഞാൽ, ഇന്ന് ലോകം പിന്തുടരുന്ന ഉദാരവാദ ആഗോളവ്യവസ്ഥയുടെ അപ്പോസ്തലന്മാരാണ് ജി-7 രാഷ്ട്രങ്ങൾ. ജിം ഒനീൽ അഭിപ്രായപ്പെട്ടതുപോലെ, കാലഹരണപ്പെട്ടതാണെങ്കിലും, അവരുടെ സമ്മേളനങ്ങളും അതിലെടുക്കുന്ന തീരുമാനങ്ങളും ആഗോളപ്രാധാന്യമുള്ളതുമാണ്.
ഇംഗ്ലീഷ് അക്ഷരമാലയിലെ ‘സി’ എന്ന അക്ഷരത്തിലാരംഭിക്കുന്ന മൂന്നുവിഷയങ്ങളാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത് – കോവിഡ്, ക്ളൈമറ്റ്, ചൈന. മെയ് നാലിനുനടന്ന ജി-7 വിദേശകാര്യമന്ത്രിമാരുടെ സമ്മേളനവും ഈ വിഷയങ്ങൾ ചർച്ചചെയ്തിരുന്നു. പക്ഷെ, 2008മുതൽ ആഗോളമുതലാളിത്തം നേരിടുന്ന പ്രതിസന്ധിയും അതിനെ കൂടുതൽവഷളാക്കിയ കോവിഡ് മഹാമാരിമൂലവും ജി-7ന്റെ കോൺവാളിൽ അവസാനിച്ച നാൽപ്പത്തേഴാം സമ്മേളനത്തിന് ഇപ്പോൾ ലോകം നേരിടുന്ന കോവിഡ് മഹാമാരി, കാലാവസ്ഥാവ്യതിയാനം മുതലായവയെ ഫലപ്രദമായി നേരിടാൻ സഹായകരമായ തീരുമാനങ്ങളിലെത്താൻ കഴിഞ്ഞില്ല. അവ വെളിവാക്കുന്നത് അതിസമ്പന്നരെന്നു മേനിനടിക്കുന്ന ജി-7 രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധിയുടെ ആഴവും ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ആത്മാർഥതയില്ലായ്മയുമാണ്. ദരിദ്രരാജ്യങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാകട്ടെ, ചൈനയുടെ ആഗോള അടിസ്ഥാനസൗകര്യവികസന പദ്ധതിയായ ബെൽറ്റ് റോഡ് സംരംഭത്തിൽനിന്നും രാജ്യങ്ങളെ അടർത്തിയെടുക്കാനുള്ള ദുർബലമായ ശ്രമമാണുതാനും.
കോവിഡ്മഹാമാരിയെ നേരിടാൻ പ്രയാസപ്പെടുന്ന രാജ്യങ്ങൾക്ക് നൂറുകോടി വാക്സിൻഡോസുകൾ നൽകുമെന്നാണ് സമ്മേളനത്തിലെ ഒരു പ്രഖ്യാപനം. സംഭാവനനൽകുന്ന വാക്സിൻഡോസുകളിൽ അൻപതുകോടി അമേരിക്ക, ബ്രിട്ടനും കാനഡയും ചേർന്ന് പത്തുകോടി, ഫ്രാൻസ് ആറുകോടി, എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ. ഈ മഹാമാരിനേരിടാൻ, 2022 മധ്യത്തോടുകൂടി ലോകജനസംഖ്യയുടെ എഴുപതുശതമാനംപേർക്ക് വാക്സിനേഷൻനൽകാൻ ആയിരത്തിഒരുനൂറുകോടി വാക്സിൻഡോസുകൾ ആവശ്യമുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുമ്പോഴാണ്, അതിസമ്പന്നരാജ്യങ്ങളും ലോകനേതാക്കൾചമയുന്നവരുമായ ജി-7 അതിന്റെ പത്തിലൊന്നിൽതാഴെമാത്രം സഹായംനൽകുമെന്നു പറഞ്ഞുമേനിനടിക്കുന്നത്. നൂറുകോടിയിൽതാഴെമാത്രം വാക്സിൻഡോസുകൾ നൽകാനുള്ള ജി-7 തീരുമാനത്തെ “മാപ്പർഹിക്കാത്ത ധാർമികപരാജയം” എന്നാണ് ബ്രിട്ടന്റെ മുൻപ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ വിശേഷിപ്പിച്ചത്.
ആഗോളതാപനം തടയുന്നതിന് വികസിത-ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിനായി ഓരോവർഷവും 100ബില്യൺ ഡോളർ നൽകുമെന്ന് 2010ൽ വികസിതരാജ്യങ്ങൾ നൽകിയ വാഗ്ദാനം ജലരേഖയായതുപോലെ ഇപ്പോഴത്തെ പ്രതീക്ഷയും അസ്ഥാനത്തായി. കൽക്കരിയുപയോഗംമൂലമുള്ള താപനംകുറയ്ക്കുന്നതിനായി 2 ബില്യൺ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ, കൽക്കരിയുപയോഗം കുറയ്ക്കുന്നതിനുള്ള കൃത്യമായ ഒരു കർമപദ്ധതിപോലും അംഗീകരിക്കാൻകഴിഞ്ഞില്ല. കാനഡയും ജർമനിയും പ്രത്യേകമായ സാമ്പത്തികപാക്കേജുകൾ ഇതിലേക്കായി പ്രഖ്യാപിച്ചതാണ് പ്രതീക്ഷനൽകുന്നകാര്യം. ഈ നൂറ്റാണ്ടിലെ രണ്ടുസുപ്രധാന വെല്ലുവിളികളായ കോവിഡിനെയും കാലാവസ്ഥാവ്യതിയാനത്തെയും നേരിടുന്നതിൽ പരാജയപ്പെട്ട സമ്മേളനം എന്ന ചീത്തപ്പേരിലായിരിക്കും ഈ സമ്മേളനം അറിയപ്പെടുക എന്നാണ് പ്രമുഖ ആഗോളസന്നദ്ധസംഘടനയായ ഓസ്ഫാമിന്റെ പ്രതിനിധി മാക്സ് ലോസൻ അഭിപ്രായപ്പെട്ടത്.
വാക്സിൻ സംഭാവനയുടെകാര്യത്തിലോ, കാലാവസ്ഥാ വ്യതിയാനത്തിന്റെകാര്യത്തിലോ കാണാത്ത യോജിപ്പും, സമ്പത്തും, ആവേശവും പക്ഷെ, ചൈനയുടെ ബെൽറ്റ് റോഡ് സംരംഭത്തിനെതിരായി മുന്നോട്ടുവച്ച, “മെച്ചപ്പെട്ട ലോകനിർമാണം” എന്ന അടിസ്ഥാനസൗകര്യവികസനപദ്ധതിയിൽകാണാൻകഴിഞ്ഞു. പരിസ്ഥിതിക്ക് ഭംഗംവരാതെ സ്വകാര്യസംരംഭകരുടെകൂടി സഹകരണത്തോടെ അടിസ്ഥാനസൗകര്യവികസനപദ്ധതികൾ പൂർത്തിയാക്കാൻ മൂന്നാംലോകരാജ്യങ്ങളെ സഹായിക്കാൻ 100ബില്യൺ ഡോളറിലേറെ കണ്ടെത്താനുള്ളതാണ് B3W (Build Back Better World) എന്നപേരിലുള്ള പദ്ധതി. ചൈനായ്ക്കെതിരായി സാങ്കേതികരംഗം, വ്യാപാരം, മനുഷ്യാവകാശം എന്നിവയിലെല്ലാം ഒരുമിച്ചുനിൽക്കാനും ജി-7 തീരുമാനിച്ചു.
ജോ ബൈഡൻ അമേരിക്കൻപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആഗോളതലത്തിൽ കേൾക്കുന്നസന്ദേശമാണ് “അമേരിക്ക ആഗോളനേതൃത്വത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു” എന്നത്. ജി-7 സമ്മേളനത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പറയുന്നത്, പാശ്ചാത്യലോകം തിരിച്ചെത്തിയിരിക്കുന്നു എന്നാണ്. ജി-7 അതിസമ്പന്നരാജ്യങ്ങളുടെ ത്രിദിന സമ്മേളനം കോൺവാളിൽ അവസാനിക്കുമ്പോൾ അത് ലോകത്തിനുനൽകാൻ ശ്രമിക്കുന്ന സന്ദേശമിതാണ് – ഡൊണാൾഡ് ട്രംപ് തകർത്തെറിഞ്ഞ ഉദാരവാദ ലോകക്രമം ഊട്ടിയുറപ്പിക്കുക, അതിനു അമേരിക്ക മുന്നിലുണ്ടാകുമെന്ന് ഉറപ്പുനൽകുക, ചൈനയെ എതിർക്കുവാൻ ഒരുമിച്ചുനിൽക്കുക.
ജി-7ന്റെ മുഖ്യപരിഗണനാവിഷയങ്ങളായിരുന്ന കോവിഡ് വെല്ലുവിളി, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളിൽ ആഗോളനേതൃത്വം നിലനിർത്താനാഗ്രഹിക്കുന്ന അതിസമ്പന്നരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ഗൗരവപൂർണമായ നടപടികളുണ്ടായതേയില്ല. ഉണ്ടായത്, തൊലിപ്പുറത്തെ ചികിത്സമാത്രം, തികച്ചും അപര്യാപ്തമായതും പാതിവെന്തതുമായ ചില പദ്ധതികൾമാത്രം. അതിസമ്പന്നരെന്നവകാശപ്പെടുന്നവരുടെ ദാരിദ്ര്യവും, ചൈനയ്ക്കെതിരായ ആശങ്കകളും വെളിവാക്കുന്നതായിരുന്നു സമ്മേളനപ്രഖ്യാപനം. പരിസ്ഥിതിസ്നേഹികളും ആരോഗ്യപ്രവർത്തകരും ജി-7 സമ്മേളനം പരാജയമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. കോവിഡ്-പരിസ്ഥതിസ്ഥിവിഷയങ്ങളിൽ വന്നതീരുമാനങ്ങൾ തികച്ചും അപര്യാപ്തമാണെന്നുവിലയിരുത്തിയ, ഇംഗ്ലണ്ടിൽനിന്നുമിറങ്ങുന്ന ‘ഇൻഡിപെൻഡന്റ്’ എന്ന ആഗോളപ്രസിദ്ധമായ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം, ജി-7 സമ്മേളനത്തെ വിശേഷിപ്പിച്ചത് ഭീമമായ പരാജയം എന്നായിരുന്നു.