കൊച്ചി: പ്ലാറ്റ്‌ഫോമിലെ ഒരു ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ കോവിഡ് വാക്‌സിന്റെ ഒരു ഷോട്ടെങ്കിലും എടുത്തു കഴിഞ്ഞതായി ഊബര്‍. വര്‍ഷാവസാനത്തോടെ ഒന്നര ലക്ഷം ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള18.5 കോടി രൂപയുടെ സംരംഭത്തിന്റെ ഭാഗമാണിത്.
കഴിഞ്ഞ മാസം പ്രഖ്യാപിച്ചതില്‍ പിന്നെ ഊഭര്‍ ഡ്രൈവര്‍മാര്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടികള്‍ ത്വരിതപ്പെടുത്തി. ഡ്രൈവര്‍മാരുടെ വാക്‌സിനേഷന്‍ ക്ലെയിമുകളില്‍ പെട്ടെന്ന് തീര്‍പ്പുണ്ടാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിച്ചു. കോവിന്നില്‍ നിന്നും ലഭിക്കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ ഡ്രൈവര്‍മാരുടെ വിവരങ്ങളുമായി ഒത്തുനോക്കിയാണ് തീര്‍പ്പുണ്ടാക്കിയത്. ഈ പരിശോധന കഴിഞ്ഞാല്‍ ഒരു ഡോസിന് 400 രൂപ വീതമാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത്. വാക്‌സിന്‍ എടുക്കാനുള്ള ഡ്രൈവര്‍മാരുടെ മടി അകറ്റാന്‍ ആപ്പ് സന്ദേശങ്ങളും വീഡിയോകളും മെഡിക്കല്‍ വിദഗ്ധരുമായി വെര്‍ച്ച്വല്‍ മീറ്റിങ്ങുകളും സംഘടിപ്പിച്ച് വാക്‌സിന്‍ നേട്ടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി.
പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് നല്‍കിയ പിന്തുണയില്‍ കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേസ് മന്ത്രി നിതിന്‍ ഗഡ്കരി ഊബറിനെ അഭിനന്ദിച്ചു. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ജീവനക്കാര്‍ ആവശ്യ സര്‍വീസിനെ പിന്തുണയ്ക്കുന്ന മുന്നണി പോരാളികളായി ഉയര്‍ന്നെന്നും പ്രത്യേകിച്ച് റൈഡ്‌ഷെയര്‍ ഡ്രൈവര്‍മാര്‍ ജീവനക്കാര്‍, ആവശ്യ വസ്തുക്കള്‍, മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ നീക്കങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ ശക്തി തെളിയിച്ചുവെന്നും പ്ലാറ്റ്‌ഫോമിലെ ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി ഊബര്‍ നിരവധി നടപടികള്‍ കൈകൊണ്ടതില്‍ സന്തോഷമുണ്ടെന്നും വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ ജീവനക്കാരോടുള്ള ഊബറിന്റെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും ഭാവിയിലെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോവിഡ്-19 തടയുന്നതില്‍ വാക്‌സിനേഷനുള്ള പങ്ക് നിര്‍ണായകമാണെന്നതിനാല്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് പ്ലാറ്റ്‌ഫോമിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നും ഇത് റൈഡര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ഡ്രൈവര്‍മാരില്‍ നിന്നും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്നും വാക്‌സിനേഷനൊപ്പം റൈഡിങ് വേളയില്‍ മാസ്‌ക് ധരിക്കല്‍ സാനിറ്റൈസേഷന്‍ തുടങ്ങിയ സുരക്ഷാ നടപടികളും സ്വീകരിക്കുന്നത് എല്ലാവര്‍ക്കും സുരക്ഷിത യാത്രാ മേഖല സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും ഊബര്‍ ഇന്ത്യ,ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.
ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ, കാണ്‍പൂര്‍, അഗ്ര, ബറേലി, ഗൊരഖ്പൂര്‍, ജയ്പൂര്‍, ഭോപാല്‍, ഭുവനേശ്വര്‍ എന്നീ 12 നഗരങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്നതിനായി ഊബര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിന്തുണ നല്‍കി. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെന്ന വ്യത്യാസമില്ലാതെ കമ്പനി വാക്‌സിന്‍ എടുത്തതിന് തെളിവു സമര്‍പ്പിക്കുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും പാരിതോഷികം നല്‍കുന്നുണ്ട്.
പകര്‍ച്ചവ്യാധി സമയത്ത് ഊബര്‍ വിവിധ പരിപാടികളിലൂടെ ഡ്രൈവര്‍മാര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. കോവിഡ് ബാധിച്ചവര്‍ക്ക് 14 ദിവസത്തേക്ക് വരുമാനം, കോവിഡിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കൂടുംബാംഗങ്ങള്‍ക്ക് അടിയന്തരാവശ്യങ്ങള്‍ക്കായി 75,000 രൂപയുടെ ധനസഹായം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു.
പകര്‍ച്ചവ്യാധിയുടെ ആരംഭ കാലം മുതല്‍ ഊബര്‍ കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഏറ്റവും അടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് ആളുകള്‍ക്ക് പോകുന്നതിനായി 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ ഒരുക്കിയിരുന്നു. കൂടാതെ ഓക്‌സിജന്‍ സിലിണ്ടറുകള്‍, കോണ്‍സട്രേറ്റേഴ്‌സ്, വെന്റിലേറ്ററുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി 3.65 കോടിയുടെ യാത്രകളും പ്രഖ്യാപിച്ചു. വിവിധ എന്‍ജിഒകളുമായി ചേര്‍ന്നാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.