കൊല്ലം; കുണ്ടറയില്‍ കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളും, കിഴക്കേകല്ലട നിലമേല്‍ ബൈജുഭവനില്‍ സൈജുവിന്റെ ഭാര്യയുമായ രേവതി കൃഷ്ണനാണ് കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി ജീവനൊടുക്കിയത് തൊട്ടടുത്ത് വാഹന പരിശോധന നടത്തിയ പൊലീസുകാര്‍ തന്നെ ആറ്റിലിറങ്ങി കരയ്ക്കെത്തിച്ച് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്ത്രീധനത്തെ ച്ചൊല്ലിയുളള മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് രേവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും കുടുംബത്തിന് സാധിച്ചിരുന്നില്ല.വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള് ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും നേരിടേണ്ടി വന്നിരുന്നു എന്നാണു പരാതി. കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചിരുന്നതായും ആരോപണമുണ്ട്. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കിയിരുന്നു. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനമെന്നും കുടുംബം ആരോപിക്കുന്നു.