മലപ്പുറം: വൻ സാമ്പത്തിക ക്രമക്കേടും അനധികൃത നിക്ഷേപവും കണ്ടെത്തിയ മലപ്പുറം എആർനഗർ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു. കെ ടി ലത്തീഫാണ് രാജിവച്ചത്. ബാങ്കിലെ നിരവധി ക്രമക്കേടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് രാജി.
കഴിഞ്ഞ മാർച്ചിൽ നടത്തിയ പരിശോധനയിലാണ് മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ 110 കോടിയുടെ അനധികൃത നിക്ഷേപമുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിൽ നിക്ഷേപിച്ച അഞ്ച് കോടിയടക്കം കള്ളപ്പണം ആണെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.
2018 ൽ തന്നെ ഇതേബാങ്കിൽ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൌണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. മോനു സി. അമ്മു ശ്രീ എന്നിങ്ങനെ രണ്ട് വ്യാജ പേരുകളിലുണ്ടാക്കിയ അക്കൊണ്ടുകളിലൂടെയും ഇതേ ഉദ്യോഗസ്ഥൻ 17 കോടിയോളം രൂപയുടെ വഴിവിട്ട ഇടപാട് നടത്തിയതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു.