മുംബൈ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ കുറവുള്ള 25 ജില്ലകളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കുമെന്ന സൂചന നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. മുംബൈയില്‍ അടക്കം നിയന്ത്രണങ്ങള്‍ ലഘൂകരിക്കും.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയേക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ പറഞ്ഞു. സംസ്ഥാനത്തെ 11 ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. 25 ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഇതുസംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പുണെ, സോളാപുര്‍, സാംഗ്ലി, സത്താറ, കോലാപുര്‍, റായ്ഗഢ്, രത്നഗിരി, സിന്ധുദുര്‍ഗ്, ബീഡ്, അഹമ്മദ് നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാകില്ല. സംസ്ഥാന ശരാശരിയെക്കാള്‍ അധികമാണ് ഇവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രാദേശിക ഭരണകൂടങ്ങള്‍ ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.