ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധർണ നടത്തി ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ഇരുസര്‍ക്കാരുകളുടെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഉള്ള പക്ഷപാതപരമായ നടപടിയിൽ പ്രതിഷേധിക്കുന്നതിനോടൊപ്പം, കേന്ദ്രസർക്കാരിന്റെ വികലമായ പെട്രോൾ, ഡീസൽ, പാചകവിലവർധന നയത്തിലും അതിലുടെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന പ്രവർത്തിയിലും ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചെങ്ങന്നൂർ ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ നടത്തിയ ധർണ സമരപരിപാടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് കോശി എം കോശി ഉദ്ഘടനം ചെയ്തു.
കേരളത്തിൽ വാക്സിൻ വിതരണം ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി സിപിഎമ്മിന്റെ പാർട്ടി ഓഫീസിൽ നിന്നും കത്ത് വാങ്ങിക്കൊണ്ട് വരുന്നവർക്ക് മുൻഗണന എന്ന ഭരണവർഗ്ഗത്തിന്റെ വികലമായ നയം പരിഷകൃതസമൂഹത്തിന് ചേർന്നതാണോ എന്ന് ആലോചിക്കണം എന്ന് കോശി എം കോശി ചോദിച്ചു.
കോവിഡ് മരണക്കണക്കിലുള്ള സർക്കാരിന്റെ അവ്യക്തതയിലും അദ്ദേഹം ഉത്കണ്ട രേഖപ്പെടുത്തി. നിയമസഭയിൽ അതിക്രമം കാണിച്ചവർ അന്വേഷണം നേരിടണം എന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടി രാജിവെച്ച് നിയമസംവിധാനത്തെ മാനിക്കണമെന്ന് ധർണ സമരത്തിൽ ഉദ്ഘടകൻ ആവശ്യപ്പെട്ടു.
സഹകരണബാങ്കുകളിലെ കൊള്ള, മരംമുറികേസ് അട്ടിമറിക്കാനുള്ള സംസ്ഥാനസർക്കാർ നീക്കം, നിയമസഭ കലാപം, അതുടനുബന്ധിച്ചു സ്പീക്കരുടെ ചേമ്പർ അടിച്ചുതകർത്തു ലോകത്തിന്റെ മുൻപിൽ കേരളജനതയെ ആകമാനം അപമാനിതരാക്കിയ ഇടതുപക്ഷ മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർക്ക് സുപ്രീംകോടതിയിൽ ഏറ്റകനത്ത തിരിച്ചടി മുതലായ വിഷയങ്ങളും സമരപരിപാടിയിൽ ചർച്ചയായി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കറ്റ് ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ശ്രീ സുനിൽ പി ഉമ്മൻ, സീനിയർ കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് എന്‍ ആനന്ദൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാരായ വി എൻ രാധാകൃഷ്ണപണിക്കർ, സജികുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശ്രീകുമാർ പുന്തല, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സോമൻ പ്ലാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.