തിരുവനന്തപുരം : മന്ത്രി എ കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർക്കെതിരെ ലോകായുക്തയില്‍ പരാതി. കുണ്ടറ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. ഇരുവരെയും പുറത്താക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയും, മന്ത്രി ശശീന്ദ്രനും ചീഫ് സെക്രട്ടറിയും ഗുരുതര കൃത്യവിലോപം കാട്ടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ശശീന്ദ്രന് അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാലംഘനം എന്നിവ നടത്തിയെന്ന് കാണിച്ച് വിവരാവകാശ പ്രവര്ത്തകന് നവാസ് കഴിഞ്ഞദിവസം ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു.
കുണ്ടറയില്‍ എന്‍സിപി നേതാവ് യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍, പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന് വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ശശീന്ദ്രന് യുവതിയുടെ പിതാവിനെ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്തെത്തിയിരുന്നു