റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഇടിച്ചിട്ട ഓട്ടോ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എ.ഡി.ജെ ഉത്തം ആനന്ദാണ് മരിച്ചത്.
ധന്‍ബാദ് മജിസ്ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ചാണ് ഉത്തം ആനന്ദിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ചയാളെ പൊലിസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ബന്ധുക്കള്‍ എത്തിയ ശേഷമാണ് കൊല്ലപ്പെട്ടത് ജില്ലാ ജഡ്ജിയാണെന്ന് മനസ്സിലായത്.
ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധന്‍ബാദിലെത്തിയത്. ജജാരിയ എം.എല്‍.എ സഞ്ജീവ് സിങ്ങിന്റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസില്‍ ഉത്തര്‍പ്രദേശിലെ അമാന്‍ സിങ്ങിന്റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേര്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. മരണത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നകാര്യം അന്വേഷിച്ചേക്കും.