തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഈ ദിവസങ്ങളിൽ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതിയുണ്ടാവുക. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് അവലോകന യോഗം ചേർന്നാണ് ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം തുടരാൻ തീരുമാനിച്ചത്.
ഇത് പ്രകാരം, ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ നിയന്ത്രണമുണ്ടാകും. എന്നാൽ, ലോക്ഡൗണിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഫോട്ടോ സ്റ്റുഡിയോകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. പല പ്രവേശന പരീക്ഷകൾക്കുമുള്ള അപേക്ഷക്കായി ഫോട്ടോ എടുക്കേണ്ട അവശ്യമുള്ളതിനാലാണ് സ്റ്റുഡിയോകൾക്ക് പ്രവർത്തനാനുമതി നൽകിയത്. വിത്ത്, വളക്കടകൾ അവശ്യസർവീസായും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കണോമിക് ആൻഡ് സ്റ്റാറ്റസ്റ്റിക്സ് വകുപ്പിന്റെ വില വിഭാഗവും (പ്രൈസ് സെക്ഷൻ) അവശ്യസർവീസാണ്. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനുള്ള അനുമതി ഇക്കണോമിക് ആൻഡ് സ്റ്റാറ്റസ്റ്റിക്സ് വകുപ്പിന്റെ വില വിഭാഗത്തിന് നൽകിയിട്ടുണ്ട്.