തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ അറിയിച്ചു.
കേസ് പിന്‍വലിക്കാന്‍ അവകാശം ഉണ്ടോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .
നിയമസഭാ കയ്യാങ്കളിക്കേസിലെ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രിമിനല്‍ വിചാരണ നേരിടണമെന്ന് ഇന്നലെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു.കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ഇതിനു പിന്നാലെ പ്രതിപക്ഷം ശിവന്‍കുട്ടിയുടെ രാജിക്കായി മുറവിളി കൂട്ടുകയായിരുന്നു.