വ്യാജ തുല്യത സർട്ടിഫിക്കറ്റ് വിതരണ വിവാദം കത്തിനിൽക്കുന്നതിനിടെ സാക്ഷരത മിഷനിൽ തുല്യത ഫണ്ട് തട്ടിപ്പും. സാക്ഷരത മിഷൻ നടത്തുന്ന പത്ത്, ഹയർ സെക്കന്ററി തുല്യത കോഴ്സുകളിലായി ലഭ്യമാകുന്ന തുകയുടെ വിവരം സംസ്ഥാന ഓഫീസ് സൂക്ഷിച്ചിട്ടില്ലെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ ആണ് ഫണ്ട് തട്ടിപ്പ് വിവാദം കൊഴുക്കുന്നത്.
പത്താംതരം, ഹയർ സെക്കന്ററി തുല്യത കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള തുക സാക്ഷരത മിഷൻ സംസ്ഥാന ഓഫീസ് അക്കൗണ്ടുകളിൽ ആണ് പഠിതാക്കൾ അടയ്ക്കുന്നത്. ഇത് മറച്ചുവച്ചു വിവരങ്ങൾ ജില്ലാ ഓഫീസുകളിൽ ആണെന്ന തെറ്റായ വിവരം സാക്ഷരത മിഷൻ സംസ്ഥാന ഓഫീസ് നൽകിയത് ഫണ്ട് തട്ടിപ്പ് നടത്തിയെന്നുള്ളത് അടിവരയിടുന്നു.
പത്താംതരം, ഹയർ സെക്കന്ററി കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ടു സാക്ഷരത മിഷന്റെ പേരിൽ പ്രത്യേകം അക്കൗണ്ടുകൾ വെള്ളയമ്പലത്തെ എസ് ബി ഐ ബ്രാഞ്ചിൽ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് പത്താംതരം, ഹയർ സെക്കന്ററി തുല്യത കോഴ്സുകളിൽ പ്രേരക് മാർ അതാത് ജില്ലകളിൽ നടത്തിവരികയാണെന്നും അതിനാൽ തുകയുടെ കണക്ക് സംബന്ധിച്ച വിവരങ്ങൾ ജില്ലകളിൽ നിന്നും ശേഖരിക്കണമെന്നുള്ള തെറ്റായ വിവരം സാക്ഷരത മിഷൻ സംസ്ഥാന ഓഫീസ് നൽകിയത്.
എസ് ബി ഐ ചെല്ലാൻ ഫാറം സാക്ഷരത മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ അടയ്ക്കണമന്നാണ് പത്താംതരം, ഹയർ സെക്കന്ററി തുല്യത കോഴ്സുകളുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസുകളിൽ പറയുന്നത്.
പണം അടയ്ക്കുമ്പോൾ ബാങ്കിൽ നിന്നും ലഭിക്കുന്ന ചെലാനിൽ ‘KSLMA copy’ എന്നെഴുതിയ ഭാഗം അപേക്ഷയുടെ പ്രിന്റ് ഔട്ടിനൊപ്പം സമർപ്പിക്കണമെന്നും പ്രോസ്പെക്ടസ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ആണ് കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസ്ഥാന ഓഫീസിൽ ലഭ്യമല്ലെന്ന തെറ്റായ വിവരം അധികൃതർ നൽകിയത്.
പത്താംതരം തുല്യത കോഴ്സിന് 1850 രൂപയും ഹയർ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. പി എസ് ശ്രീകല സാക്ഷരത മിഷൻ ഡയറക്ടർ ആയ ശേഷം 2016 ജൂലായ് മുതൽ ഇതുവരെ മൊത്തം രണ്ട് ലക്ഷത്തോളം പേർ ആണ് ഇതുവരെ പത്തു, ഹയർ സെക്കന്ററി തുല്യത കോഴ്സുകളിൽ ചേർന്ന് പഠിച്ചത്. ഇതിലൂടെ കോടിക്കണക്കിനു രൂപയാണ് സാക്ഷരത മിഷന് ലഭ്യമായത്. ഈ തുകയുടെ കണക്കാണ് ഇപ്പോൾ സാക്ഷരത മിഷനിൽ നിന്നു അപ്രത്യക്ഷം ആയിരിക്കുന്നത്.