കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് ജയം. ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 132 റണ്‍സ് 19.4 ഓവറില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു.
34 പന്തില്‍ 40 റണ്‍ അടിച്ച ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ മിനോദ് ഭാനുക 36 റണ്‍സ് നേടി.
കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍, സക്കറിയ, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒന്ന് വീതം വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി റുതുരാജും ധവാനും ഓപ്പണിങ് വിക്കറ്റില്‍ ഏഴ് ഓവറില്‍ 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. റുതുരാജ് 18 പന്തില്‍ 21 റണ്‍സും ധവാന് 42 പന്തില്‍ 40 റണ്‍സുമടിച്ചു.
ദേവ്ദത്ത് പടിക്കല്‍ 23 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി. 13 പന്തില്‍ ഏഴ് റണ്‍സ് കണ്ടെത്താനേ സഞ്ജുവിന് കഴിഞ്ഞുള്ളൂ. 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത നിധീഷ് റാണ അവസാന ഓവറില്‍ പുറത്തായി.
ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായ എട്ടു താരങ്ങള്‍ ഐസൊലേഷനിലാണ്. ഇതോടെ നെറ്റ്സില്‍ പന്തെറിയുന്ന താരങ്ങളെ കൂടി ഉള്‍പ്പെടുത്തി ടീം പുതുക്കുകയായിരുന്നു.