കുവൈത്ത് സിറ്റി: കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന അധികൃതര്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കുവൈത്തില്‍ അംഗീകരിക്കപ്പെട്ട വാക്സീനുകള്‍ സ്വീകരിച്ചവര്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ മന്ത്രിസഭ പ്രവേശനാനുമതി നല്‍കിയതിന് പിന്നാലെയാണിത്. കുവൈത്തില്‍ നിന്ന് വാക്സീന് സ്വീകരിച്ച് തിരികെയെത്തുന്നവരുടെ ഇമ്മ്യൂണിറ്റി/മൈ ഐഡന്റിറ്റി ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് പച്ച നിറമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. ഷ്ളോനക്, കുവൈത്ത് മൊസാഫര്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിരിക്കണം.
കുവൈത്തിലെത്തിയതിനു ശേഷം ഒരാഴ്ച ഹോം ക്വാറന്റൈനില്‍ കഴിയണം. കുവൈത്തിലെത്തുന്നവരുടെ കൈവശം രോഗമുക്തരാണെന്ന് തെളിയിക്കുന്ന 72 മണിക്കൂര്‍ സാധുതയുള്ള പി സി ആര് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. രാജ്യത്തെത്തുമ്ബോള് വിമാനത്താവളത്തില്‍ പി സി ആര് പരിശോധനയ്ക്ക് വിധേയരാകണം. ഒരാഴ്ചത്തെ ഹോം ക്വാറന്റൈനു ശേഷം ക്വാറന്റൈന് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം ചെലവില്‍ പി സി ആര് പരിശോധന നടത്തി രോഗമുക്തരാണെന്ന് തെളിയിക്കുകയും വേണം.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും, ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്യുന്നവര്‍ക്കാണ് കുവൈത്തിലേക്ക് പ്രവേശനാനുമതിയുള്ളത്. മൊഡേണ, ഫൈസര്‍, ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനക്ക വാക്സീനുകളുടെ രണ്ട് ഡോസും, ജോണ്സണ് & ജോണ്സണ് വാക്സീന്റെ ഒരു ഡോസും സ്വീകരിച്ചവര്‍ക്കാണ് ആഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്തിലേക്ക് എത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയത്.
അതേസമയം, രാജ്യം നിഷ്കര്‍ഷിച്ച യാത്രാ നിബന്ധനകള്‍ പൂര്‍ത്തിയാക്കി, അധികൃതരില്‍ നിന്ന് യാത്രാനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളൂവെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
കുവൈത്തിലേക്ക് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്ത 18,000 പ്രവാസികളുടെ കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചതായും, പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചതായും, രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 73,000 ത്തോളം ആയതായും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വാക്സീനുകള്‍ സ്വീകരിച്ച ഭൂരിഭാഗം പേര്‍ക്കും ഇതുവരെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാര്‍. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് മറ്റുള്ള രാജ്യങ്ങള്‍ വഴി 13 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്തു വരുന്നതിന് 250 കുവൈത്തി ദിനാര്‍ മുതല്‍ 500 വരെയാണ് നിരക്ക് ഈടാക്കുന്നത്.