കൊല്ലം: മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട പീഡനശ്രമ കേസിൽ കുണ്ടറ സിഐക്ക് സ്ഥലം മാറ്റം. സിഐ എസ് ജയകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. കേസ് അന്വേഷണത്തില്‍ സിഐക്ക് വീഴ്ച പറ്റിയെന്ന ഡിഐജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്ഥലം മാറ്റം. പകരം എസ് മഞ്ജു ലാലിനെ കുണ്ടറ സ്റ്റേഷനിലെ പുതിയ സി ഐ ആയി നിയമിച്ചു.
കേസിൽ പൊലീസിനും വീഴ്ച സംഭവിച്ചു എന്നായിരുന്നു തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ചയ് കുമാർ ഗുരുഡിന്റെ അന്വേഷണ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നു. പക്ഷെ ഒരു സ്ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീർപ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്. പരാതിക്കായി വ്യക്തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ല. മാത്രമല്ല പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഡിഐജി പറയുന്നു.
അതേസമയം കുണ്ടറ പീഡനശ്രമം ആരോപണത്തിൽ അഞ്ചു പേർക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിയുടെ സത്പേരിന് കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. മന്ത്രി എ.കെ ശശിന്ദ്രന് എൻസിപി ക്ളീൻ ചിറ്റ് നൽകിയിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിനേയും മണ്ഡലം ഭാരവാഹിയായ രാജീവനേയും നേരത്തെ എൻസി പിയിൽ നിന്ന് സ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ കമ്മീഷന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നാലുപേരെ കൂടി സംസ്ഥാന സമിതി സസ്പെന്‍ഡ് ചെയ്തു. എന്‍സിപി മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് ഹണി വിറ്റോ, സംസ്ഥാന സമിതി അംഗം പ്രതീപ്കുമാര്, ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ്, എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.