ന്യൂഡൽഹി: ബിജെപിക്കെതിരായ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് സോണിയ ഗാന്ധിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി ആയിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തോല്പിക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ദീര്‍ഘകാല പദ്ധതികള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്.
കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു. സഖ്യത്തെ ആരുനയിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് മമത ബാനര്‍ജി. സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിച്ചെന്നും കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാമെന്ന് വ്യക്തമാക്കിയെന്നുമാണ് വിവരം.
മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള മമതയുടെ ആദ്യ ന്യൂഡല്‍ഹി സന്ദര്‍ശനമാണിത്. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അവര്‍ ഒട്ടേറെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ്മ എന്നിവരെ മമത ബാനര്‍ജി കണ്ടിരുന്നു. ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും.
പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല. എന്നാല്‍, ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷ സമരങ്ങള്‍ക്കു മുന്‍പന്തിയില്‍ തന്നെ തന്റെ പാര്‍ട്ടിയുണ്ടാകുമെന്ന് മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.