തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വന്‍വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇളവുകള്‍ നല്കുന്നതില് സംസ്ഥാനം വലിയ ജാഗ്രത കാണിക്കണമെന്നും സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അയച്ച കത്തില്‍ പറയുന്നു.
രാജ്യത്ത് ഓരോ ദിവസവും പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണ്. അടുത്തിടെ നടന്ന ആഘോഷ പരിപാടികളില്‍ ഇളവ് അനുവദിച്ചത് കേരളത്തില്‍ തീവ്രവ്യാപനത്തിന് കാരണമായെന്നും ഭൂഷണ് കുറ്റപ്പെടുത്തി.
ജൂലായ് അഞ്ചു മുതല്‍ ഒമ്പതു വരെ കേരളത്തിലെ കോവിഡ് സാഹചര്യം നിരീക്ഷിക്കാനെത്തിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രം കത്തയച്ചത്. നിലവിലെ സ്ഥിതി മനസ്സിലാക്കുവാന്‍ കേന്ദ്രത്തിന്റെ മറ്റൊരു സംഘം ഉടനെ കേരളത്തിലെത്തുമെന്നും ഭൂഷണ് വ്യക്തമാക്കി.
പകര്‍ച്ചവ്യാധി വിദ്ഗധര്‍ ഉള്‍പ്പടെയുള്ളവർ അടങ്ങുന്ന സംഘമാകും കേരളത്തിലെത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയ പ്രതിനിധികള്‍ കേരളത്തിലെയും മഹാരാഷ്ട്രയിലേയും ചീഫ് സെക്രട്ടറിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയെത്തിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് പുറത്ത് വന്നപ്പോള്‍ 43, 654 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലെത്തി. ഒടുവില്‍ പുറത്ത് വന്ന പ്രതിദിന കണക്കില്‍ 50 ശതമാനവും കേരളത്തില്‍ നിന്നാണ്.