ന്യൂഡൽഹി;യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ചർച്ചനടത്തും. പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തും. ജോ ബൈഡൻ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ആന്റണി ബ്ലിങ്കൻ ഇന്ത്യയിൽ എത്തുന്നത്. കാലാവസ്ഥാ വ്യതിയാനം , കൊവിഡ് എന്നീ വിഷയങ്ങൾക്കൊപ്പം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചാ വിഷയമാകുമെന്നാണ് സൂചന.
ആന്റണി ബ്ലിങ്കന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടരാനും ഇന്ത്യ -യു.എസ് ആഗോള പങ്കാളിത്തം വർദ്ധിപ്പിക്കാനുമുള്ള അവസരമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ശക്തവും ബഹുമുഖവുമായ ഇന്ത്യ – യുഎസ് ഉഭയകക്ഷി ബന്ധവും അവ കൂടുതൽ ദൃഢമാക്കാനുള്ള സാധ്യതയും ഇരുപക്ഷവും അവലോകനം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.