തിരുവനന്തപുരം: കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ജോലി ചെയ്യുന്ന നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കാനുള്ള പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളതെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിയമസഭയില്‍ സബ്മിഷന് മറുപടിയായി പറഞ്ഞു. നഗരശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും കാലോചിതമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് വൈക്കം നിയമസഭാംഗം സി കെ ആശ നല്കിയ സബ്മിഷന് നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടില്‍ തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ളതായും സ്ഥിരം നിയമനം പാടില്ലെന്നും കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ എടുക്കണമെന്നുമുള്ള നിലപാട് തള്ളിക്കളയണമെന്നായിരുന്നു സബ്മിഷനിലെ നിര്‍ദേശം. ചില നഗരസഭകളില്‍ ആവശ്യത്തില്‍ കൂടുതല്‍ തൊഴിലാളികളും ചിലവയില്‍ വളരെ കുറവ് തൊഴിലാളികളും ഉണ്ടെന്നും ആ പ്രശ്നം പരിഹരിച്ച് നഗരസഭകള്‍ക്ക് ആവശ്യത്തിനുള്ള തൊഴിലാളികളെ മാത്രം നിയമിച്ച് അവര്‍ക്ക് മെച്ചപ്പെട്ട വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാണ് ശമ്പളകമ്മീഷന്റെ ശുപാര്‍ശയെന്നും ഇതിന്മേല് സര്‍ക്കാര്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്നും മന്ത്രി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
കോര്‍പ്പറേഷനുകളിലും നഗരസഭകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നത്. കണ്ടിജന്റ് തസ്തികയില്‍ സ്ഥിരം നിയമനത്തിനായുള്ള ഒഴിവുകള്‍ വരുമ്പോള്‍ പകരം തൊഴിലാളികളായി വന്നവരെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളത്. അടിയന്തര ഘട്ടങ്ങളില്‍ ജോലിഭാരം കൂടുമ്പോള്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാറുണ്ടെന്നും മന്ത്രി അറിയിച്ചു. നഗരസഭകളില്‍ ശുചീകരണ തൊഴിലാളികളുടെ സേവനം തികയാതെ വരികയാണെങ്കില്‍ കുടുംബശ്രീയുടെ സേവനം തേടാനും അതും പോരാതെ വരികയാണെങ്കില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ദിവസ വേതനക്കാരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്താവുന്നതാണെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങളും ഓവര്‍കോട്ട്, സോപ്പ്, ഗംബൂട്ട്, ഗ്ലൗസ്, റെയിന്‍കോട്ട്, എന്നിവ നല്‍കാറുണ്ടെന്നും യൂണിഫോം, അലവന്‍സ്, സ്പെഷ്യല്‍ അലവന്‍സ്, റിസ്ക് അലവന്‍സ്, വാഷിംഗ് അലവന്‍സ്, ചൂല് അലവന്‍സ്, തയ്യല്‍ക്കൂലി, മെഡിക്കല്‍ റിഇംപേഴ്സ്മെന്റ്, മെഡിക്കല്‍ ചെക് അപ്പും ഹെല്‍ത്ത് കാര്‍ഡും, ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ അലവന്‍സ്, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള വിദ്യാഭ്യാസ അലവന്‍സ്, ചൈല്‍ഡ് കെയര്‍ അലവന്‍സ് എന്നിവയും നല്‍കുന്നുണ്ട്.
മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാര്‍ക്ക് കെ എസ് ആര് പ്രകാരമുള്ള അവധി ചട്ടങ്ങള്‍ ബാധകമാക്കിയിട്ടില്ല. എന്നാല്‍, ആര്‍ജ്ജിതാവധി, അര്‍ദ്ധവേതനാവധി, സ്പെഷ്യല്‍ ഡിസബിലിറ്റി ലീവ്, മെറ്റേണിറ്റി ലീവ്, പെറ്റേണിറ്റി ലീവ്, ഹിസ്റ്റീരിയോക്ടമി ലീവ് തുടങ്ങിയ അവധികള്‍ ഈ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് അനുവദിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ പലതരത്തിലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ജെ സി ബി, വാക്വം സക്കര്, ഹൈ പ്രഷര്‍ വാട്ടര്‍ പമ്പ്, ഹിറ്റാച്ചി, റോബോട്ടിക് സിസ്റ്റം, മിനി ചെയിന്‍ ബ്ലോക്ക് എന്നിവയൊക്കെ ഉപയോഗിച്ചാണ് ഡ്രെയിനേജുകള്‍ വൃത്തിയാക്കുന്നതെന്നും മനുഷ്യപ്രയത്നം പ്രയോജനപ്പെടുത്തുന്ന നഗരസഭകള്‍ മതിയായ പരിശീലനം നല്കി സുരക്ഷാ സംവിധാനങ്ങളോടെയാണ് ശുചീകരണ പ്രവൃത്തി നടത്തുന്നതെന്നും മന്ത്രി മറുപടിയിലൂടെ വ്യക്തമാക്കി.